2012ലെ ആദ്യ ഹിറ്റെന്ന ബഹുമതി സെക്കന്റ് ഷോ സ്വന്തമാക്കുന്നു. സിനിമാ പണ്ഡിറ്റുകളുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിയ്ക്കുന്ന വിജയമാണ് ഈ ചെറിയ സിനിമ തിയറ്ററുകളില്‍ നിന്നും നേടുന്നത്. നവാഗത സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ സെക്കന്റ് ഷോയുടെ ചെറിയ ബജറ്റ് കണക്കിലെടുക്കുമ്പോഴാണ് സിനിമ ഹിറ്റ് ലിസ്റ്റില്‍ ഇടംകണ്ടെത്തുന്നത്.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമെന്ന നിലയില്‍ സെക്കന്റ് ഷോ റിലീസിന് മുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആദ്യനാല് ദിനം കൊണ്ടു തന്നെ 55 ലക്ഷം രൂപയാണ് ചിത്രത്തിന് ഷെയര്‍ ലഭിച്ചത്. സമീപകാലത്തൊന്നും ഒരുപുതുമുഖ താരചിത്രത്തിനും ലഭിയ്ക്കാത്ത നേട്ടമാണിത്.

അനുകൂല നിരൂപണങ്ങളും സിനിമയുടെ കളക്ഷന് ഗുണകരമായിട്ടുണ്ട്. അടുത്ത ഏതാനും നാള്‍ കൂടി കളക്ഷനില്‍ ഈ മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സെക്കന്റ് ഷോ നിര്‍മാതാവിന് ലാഭം നേടിക്കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്.

താരപുത്രന്റെ ആദ്യചിത്രമെന്ന വിശേഷണം സെക്കന്റ് ഷോയുടെ ബിസിനസ്സിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആദ്യദിനങ്ങളില്‍ ചില തിയറ്ററുകളില്‍ സെക്കന്റ് ഷോയ്ക്ക് ലഭിച്ച ഇനീഷ്യല്‍ പുള്‍ ഇതാണ് സൂചിപ്പിയ്ക്കുന്നത്. തൃശൂര്‍ നഗരത്തിലെ ഗിരിജ തിയറ്ററില്‍ ആദ്യകുറച്ചു ദിവസങ്ങളില്‍ രാത്രി 11.30യ്ക്ക് വരെ ഷോ നടത്തേണ്ടി വന്നിരുന്നു. മമ്മൂട്ടിയുടെ തന്നെ പോക്കിരിരാജയാണ് മുമ്പിവിടെ തേഡ് ഷോ പ്രദര്‍ശിപ്പിച്ച സിനിമയെന്ന് ഗിരിജ തിയറ്റര്‍ മാനേജര്‍ അജിത് പറയുന്നു.


കടപ്പാട്
one  india