പുതിയ മലയാള സിനിമയുടെ പ്രമേയപരമായ പ്രതിസന്ധിയുടെ പ്രകടമായ ഉദാഹരണമാണ് ഉന്നം. കുറേയേറെ നല്ല ചിത്രങ്ങളുടെ സംവിധായകനായാണ് സിബി മലയിലിനെ ജനം ഓര്‍ക്കുന്നത്. അത് നിരന്തരം തകര്‍ത്തുകൊണ്ട് സിബിമലയില്‍ പുതിയ ചലച്ചിത്ര വഴികളിലൂടെ ദൂരൂഹമായി മുന്നേറുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഉന്നം.

തമിഴ് സിനിമകളുടെ പരുക്കന്‍ ഭാവങ്ങള്‍ മലയാളിപ്രേക്ഷകന്റെ ഇഷ്ടമാവുമെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് പിറക്കുന്ന സിനിമകള്‍. ഹെറോയിനും ക്വട്ടേഷനും കൊച്ചിയും തോക്കും അത്യാവശ്യ സിനിമ ഉപകരണങ്ങളായി മാറുന്ന സിനിമയിലേക്ക് ഒരെണ്ണം കൂടി. നായകനും പ്രതിനായകനും ഒന്നുതന്നെ, താണുകേണു സ്‌നേഹിച്ചു കൊന്നൊടുക്കുന്ന നായകന്‍. ഒടുവില്‍ ആളുമാറി നായകനെ വെടിവെക്കുന്ന പുതിയ സ്ത്രീ പ്രതികാരകാഴ്ച.

ഒരു ഹിന്ദി ചിത്രത്തിന്റെ പിഴച്ച റീമേക്കെന്ന് വേണമെങ്കില്‍ ഉന്നതത്തിനെ വിശേഷിപ്പിയ്ക്കാം. 2007ലെ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ 'ജോണി ഗദ്ദര്‍' എന്ന സിനിമയുടെ പകര്‍പ്പാണ് സ്വാതി ഭാസ്‌കറിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഉന്നം. മലയാളി പ്രേക്ഷകന് ദഹിയ്ക്കാന്‍ കഴിയാത്ത കഥയും കഥാപാത്രങ്ങളുമാണ് സിനിമയുടെ പ്രധാന പോരായ്മ. തിരക്കഥയിലെ പാളിച്ചകള്‍ക്കൊപ്പം സംവിധാനത്തില്‍ വന്ന പാളിച്ചകളും ഉന്നത്തിനെ മോശം സിനിമയുടെ പട്ടികയിലാണ് ഇടം നേടിക്കൊടുത്തിരിയ്ക്കുന്നത്.

അലോഷി(ആസിഫ് അലി), സണ്ണി(ലാല്‍), മുരുകന്‍(നെടുമുടി വേണു), ടോമി(പ്രശാന്ത് നാരായണന്‍), ബഷീര്‍(നൗഷി) ഈ അഞ്ചംഗ സംഘം ബാലകൃഷ്ണന്‍ എന്ന പൊലീസുകാരനുമായി(ശ്രീനിവാസന്‍) ചേര്‍ന്ന് നടത്തുന്ന ഉദ്യമത്തിലൂടെയാണ് ഉന്നം വികസിയ്ക്കുന്നത്.

ജീവിതത്തിന്റെ കറുത്ത വഴികള്‍ ഉപേക്ഷിച്ചുവന്ന സണ്ണി ഒരു പോലീസുകാരന്‍ നീട്ടുന്ന ഓഫറില്‍ വീണുപോകുന്നു. വിശ്വസിക്കാന്‍ കൊള്ളാവുന്ന ആ സാദ്ധ്യതയിലേക്ക് അയാളുടെ അടുത്ത ചങ്ങാതിമാരെ പങ്കാളികളാക്കുകയാണ് ഒറ്റ ഇടപാട് കൊണ്ട് രക്ഷപ്പെടാനെന്ന സ്ഥിരം ചാലിലൂടെ മുരുകനും ടോമിയും ബഷീറും അലോഷിയും അങ്ങിനെ ഈ കണ്ണികളില്‍ വീണ്ടുംഒത്തുകൂടുന്നു.

തുടക്കത്തിലെ വില്ലത്വം അടിച്ചേല്‍പ്പിച്ച് ടോമിയെ ടിപ്പിക്കല്‍ കഥാപാത്രമാക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വില്ലനെ കണ്ടെത്തിയ സന്തോഷം. യഥാര്‍ത്ഥ വില്ലന്‍ നായകന്‍ തന്നെയാണെന്ന് അധികം സസ്‌പെന്‍സില്ലാതെ പറഞ്ഞു തരുന്നു. 

കടപ്പാട്
one india