മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന 'അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്റെ' ജോലികള്‍ തുടങ്ങുന്നു. സിബി- ഉദയന്‍ ടീം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം തുടങ്ങാനാണ് തീരുമാനം. അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യുകയാണ് ലക്‌ഷ്യം. മമ്മൂട്ടി നിര്‍മാതാവിന്റെ കൂടി മേലങ്കി അണിയുന്ന ചിത്രത്തില്‍ തുല്യ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക. ദിലീപാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.
ഒരേസമയം ശത്രുക്കളും മിത്രങ്ങളുമായ രണ്ടു കള്ളന്‍മാരായി മമ്മൂട്ടിയും ലാലും അവര്‍ക്കിടയില്‍ പെടുന്ന, അവരെ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ പോലും കഴിവുള്ള കഥാപാത്രമായി ദിലീപും എത്തുന്നു. ഹാസ്യത്തിനും ത്രില്ലിങ്ങിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. അതുവഴി സംവിധാകരായുള്ള തങ്ങളുടെ അരങ്ങേറ്റം മെഗാഹിറ്റാക്കാം എന്നാണ് സിബിയുടെയും ഉദയന്റെയും പ്രതീക്ഷ.
മെഗാതാരങ്ങളുടെ ഡേറ്റ് ഒത്തുവരാത്തതും തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ സിബി- ഉദയന്‍ ടീമിന്റെ തിരക്കുമാണ് പ്രോജക്ട് വൈകിപ്പിക്കുന്നത്. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന തിരക്കഥാകൃത്തുക്കളായ സിബി- ഉദയന്‍ ടീം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിനുള്ളത്. മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഉള്ള പ്ലേഹൗസ് ആയിരിക്കും ചിത്രം നിര്‍മിക്കുക. ട്വന്റ്റി 20 യ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഒന്നിക്കുന്ന ഈ ചിത്രം വാണിജ്യ ചിത്രത്തിന്റെ എല്ലാ ചേരുവകളുമായാവും പുറത്തിറങ്ങുക.
നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം യാഥാര്‍ത്ഥ്യം ആകുന്നത്. നേരത്തെ ഇരുവര്‍ക്കുമായി നിരവധി പ്രൊജക്ടുകള്‍ പരിഗണിച്ചിരുന്നു. ഇടയ്ക്ക് റാഫി-മെക്കാര്‍ട്ടിന്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും നായകരാക്കി 'ഹലോ മായാവി' എന്നൊരു ചിത്രം പ്ലാനിട്ടിരുന്നു. എന്നാല്‍ ആ പ്രൊജക്ട് ഉപേക്ഷിച്ചു. ഒന്നിച്ച് ചിത്രം ചെയ്യാന്‍ ഇരുവര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നെങ്കിലും പറ്റിയ പ്രമേയം ഒത്തുവന്നിരുന്നില്ല.