അച്ഛനേയും മകനേയും നായകനാക്കി സിനിമയെടുത്തയാള്‍ എന്ന റെക്കോഡിലേക്ക് കടക്കുന്നു അന്‍വര്‍ റഷീദ്. രാജമാണിക്യത്തിലൂടെ മമ്മൂട്ടിയെ നായനാക്കി തുടങ്ങിയ അന്‍വറിന്റെ അഞ്ചാമത്തെ സിനിമയില്‍ മമ്മൂട്ടിയുടെ മകന്‍ തന്നെ നായകനാകുന്നു.
മറ്റൊരാള്‍ സംവിധാനം ചെയ്യേണ്ട സിനിമ അപ്രതീക്ഷിതമായി ചെയ്ത് സംവിധായകനായി തുടങ്ങുക. കന്നി ചിത്രം(രാജമാണിക്യം) ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തിരുത്തിക്കുറിക്കുക. ഹിറ്റ് മേക്കറായുള്ള വളര്‍ച്ചയില്‍ അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെ പേരിനൊപ്പം ഹിറ്റ്‌ലിസ്റ്റില്‍ പിന്നാലെ വരുന്നു ഛോട്ട മുംബൈയും അണ്ണന്‍ തമ്പിയും. ഏറ്റവും ഒടുവിലായി കേരള കഫേയിലെ ബ്രിഡ്ജിലൂടെ അന്‍വര്‍ ഏവരേയും ഞെട്ടിക്കുകയും ചെയ്തു. പുതിയ ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി എന്നാല്‍ ഒരു സൂപ്പറിന്റെ മകനെ തന്നെ നായകനാക്കി പരീക്ഷണത്തിന് ഒരുങ്ങുകയാണ് അന്‍വര്‍ റഷീദ്. മമ്മുക്കയുടെ മകന്‍ ദുല്‍കറിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉസ്താദ് ഹോട്ടല്‍'.
നിരവധി അംഗീകാരങ്ങള്‍ നേടിയ മഞ്ചാടിക്കുരു, കേരള കഫേയിലെ ഹാപ്പി ജേര്‍ണി എന്നീ സിനിമകള്‍ ഒരുക്കിയ അഞ്ജലി മേനോനാണ് ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നിത്യ മേനോനാണ് ചിത്രത്തില്‍ ദുല്‍കറിന്റെ നായിക. തിലകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്രാഫിക്കും ചാപ്പക്കുരിശും നിര്‍മ്മിച്ച ലിസ്റ്റര്‍ സ്റ്റീഫനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. സ്വിറ്റ്‌സര്‍ലണ്ട്, രാജസ്ഥാന്‍, മുംബൈ, കോഴിക്കോട് എന്നിവടങ്ങളായിരിക്കും ലൊക്കേഷന്‍. വ്യത്യസ്തമായ ഒരു ത്രില്ലര്‍ ചിത്രമായ ഉസ്താദ് ഹോട്ടല്‍ മലയാളത്തില്‍ ഒരു പുതിയ പരീക്ഷണവുമാകും.
ഛായാഗ്രഹണം-ലോകനാഥന്‍, സംഗീതം-ഗോപിസുന്ദര്‍, ഗാനങ്ങള്‍-റഫീഖ് അഹമ്മദ്
പ്രേക്ഷകരിലേക്ക് നായകനായി അവതരിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് തന്നെയാണ് ദുല്‍കറിനെ തേടി ഈ പുതിയ പ്രോജക്ടും എത്തിയിരിക്കുന്നത്. ദുല്‍കര്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന സെക്കന്‍ഡ് ഷോയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഡിസംബറില്‍ നടക്കാനിരിക്കുന്ന ദുല്‍കറിന്റെ വിവാഹത്തിന് ശേഷമായിരിക്കും ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണ ജോലികള്‍ തുടങ്ങുക.